National
ലക്നോ: ഉത്തർപ്രദേശിലെ മുസാഫിർനഗറിൽ സ്കൂൾ ബസിന് തീപിടിച്ച് അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. സമസ്പൂരിന് സമീപമയിരുന്നു അപകടം നടന്നത്. അപകടസമയത്ത് പത്തോളം കുട്ടികൾ വാഹനത്തിലുണ്ടായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
District News
നെടുമങ്ങാട്: അഡ്വ. ജി. സ്റ്റീഫൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ട് 19 ലക്ഷം രൂപ (2022-23) വിനിയോഗിച്ച് ജി.വി. രാജ സ്പോർട്സ് സ്കൂളിനു വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷാജിത, മൈലം വാർഡ് മെമ്പർ തോപ്പിൽ ശശി, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു, പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, പിടിഎ പ്രസിഡന്റ്, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു.
District News
ശ്രീനാരായണപുരം: കട്ടൻ ബസാറിൽ പഴക്കച്ചവടക്കാരുടെ വാഹനത്തിൽ തട്ടിയിട്ട് നിർത്താതെ പോയെന്നാരോപിച്ച് സ്കൂൾ ബസ് ഡ്രൈവറെ മർദിച്ചു. വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്കൂളിലെ ഡ്രൈവർ പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി പുന്നില്ലത്ത് അൻസിലിനാണ് (45) മർദനമേറ്റത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. രാവിലെ കട്ടൻ ബസാറിൽ വച്ച് പഴ കച്ചവടക്കാരുടെ വാഹനത്തെ സ്കൂൾ വാൻ മറികടക്കുന്നതിനിടയിൽ വണ്ടിയിൽ മുട്ടിയിട്ടു നിർത്താതെ പോയെന്നു പറയുന്നു. വൈകീട്ട് ഈ വഴി തിരിച്ചുവന്നപ്പോൾ സ്കൂൾ വാൻ തടഞ്ഞു നിർത്തി അൻസിലിനെ ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റും മർദ്ദിക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഡ്രൈവറെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മതിലകം പോലീസ് പത്താഴക്കാട് സ്വദേശികൾക്കെതിരെ കേസെടുത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസുകൾ കത്തി നശിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ മൂന്ന് ബസുകളാണ് കത്തി നശിച്ചത്.
സ്കൂൾ ബസുകൾക്ക് ആരോ തീയിട്ടതാണെന്ന സംശയത്തിലാണ് സ്കൂൾ അധികൃതർ. ബസുകളിലേക്ക് ട്രാവലർ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലർ മറ്റൊരിടത്താണ് നിർത്തിയിട്ടിരുന്നത്.
പുലർച്ചെ മൂന്നോടെ ആയിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് അഗ്നിശമന സേനയ്ക്കും പോലീസിനും വിവരം അറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മൂന്ന് ബസുകൾ പൂർണമായും ഒരു ബസ് ഭാഗികമായും കത്തി നശിച്ചു. അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഈ സമയം സ്കൂളിൽ ഒരു സെക്യുരിറ്റി ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്കും ആയയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
പൂവത്തൂര്‍ ഗവ. സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള ചെറിയ കനാലിലേക്കാണ് വാൻ മറിഞ്ഞത്. കുട്ടികള്‍ വെള്ളത്തിലേക്ക് വീണെങ്കിലും കനാലിൽ വെള്ളം കുറവായിരുന്നതിനാൽ അപകടം ഒഴിവായി.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെയും ആയയെയും കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കുട്ടിയൊഴികെ ബാക്കിയുള്ളവർക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
Kerala
മൂന്നാര്‍: സ്കൂള്‍ ബസില്‍ വിദ്യാര്‍ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദനം. കൊരണ്ടക്കാട് സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് സഹപാഠിയുടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്‍നിന്നു മടങ്ങുന്പോഴായിരുന്നു ആക്രമണം. മറ്റൊരു വിദ്യാര്‍ഥി മൊബൈൽ ഫോണിൽ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ്. ആക്രമണം നടത്തിയ വിദ്യാര്ഥിക്കെതിരേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്ഥിക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.
ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അറിയിച്ചു. ആക്രമണസമയത്ത് സ്കൂള്‍ബസില്‍ അധ്യാപികമാരോ കെയര്‍ ടേക്കറോ ഇല്ലായിരുന്നെന്നാണ് വിവരം.
എന്നാല്‍ സംഭവസമയത്ത് നാല് അധ്യാപകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. ഒരു വര്‍ഷമായി കുട്ടിക്ക് നിരന്തരം മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.
NRI
ഫ്ലോറിഡ: സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാൻ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36 വയസുകാരൻ പിടിയിലായി. ക്രിസ്റ്റഫർ സ്റ്റീവൻ ഷ്വാബിൾ എന്നയാളെയാണ് ഡെലാൻഡ് പോലീസ് അറസ്റ്റ് ചെയ്തത്.
ജയിലിൽ നിന്ന് മോചിതനായി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ വീണ്ടും അക്രമം നടത്തിയത്. ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിയെ പ്രതി പെട്ടെന്ന് വന്ന് കഴുത്തുഞെരിക്കുകയായിരുന്നു.
കുട്ടി കുതറി ഓടിയതോടെ തടയാൻ വന്ന നാട്ടുകാരെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി. അക്രമിയെ തടയാനായി ഒരു ദൃക്സാക്ഷി കെെയിലുണ്ടായിരുന്ന ടൂൾബോക്സ് ഉപയോഗിച്ച് പ്രതിരോധിക്കുകയും പോലീസ് വരുന്നത് വരെ ഇയാളെ കീഴ്പ്പെടുത്തി വയ്ക്കുകയും ചെയ്തു.
കുട്ടിയുടെ വിരലിന് പരിക്കേറ്റിട്ടുണ്ട്. പ്രതി നിലവിൽ വൊലൂഷ്യ കൗണ്ടി ജയിലിലാണ്.
International
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു.
ഗോതെംഗ് പ്രവിശ്യയിലായിരുന്നു അപകടം. ഇന്നലെ പ്രാദേശികസമയം രാവിലെ ഏഴിനായിരുന്നു അപകടം. 11 കുട്ടികൾ അപകടസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
Kerala
കാഞ്ഞിരപ്പള്ളി: സ്കൂള്‍ ബസിന്റെ പിന്നിൽ ശബരിമല തീര്‍ഥാടകരുടെ മിനി ബസിടിച്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കു പരിക്കേറ്റു. പാലാ - പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്നു രാവിലെ 7.45നാണു അപകടം.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. സ്കൂള്‍ ബസിന്റെ പിന്നിലിടിച്ചശേഷം റോഡരികിലെ കടയിലേക്കു ഇടിച്ചു കയറിയാണ് മിനി ബസ് നിന്നത്.
സ്കൂള്‍ ബസ് ഡ്രൈവര്‍ പി.കെ. ചന്ദ്രന് (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ. ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), ബംഗളൂരു സ്വദേശികളും ശബരിമല തീര്ഥാടകരുമായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ജുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: സ്കൂള്‍ ബസുകളില്‍ ഉടന്‍ ക്യാമറ സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്കൂൾ വാഹനങ്ങളിൽ ക്യാമറ വയ്ക്കണമെന്ന നിർദേശം വന്നതിന് പിന്നാലെ സ്കൂൾ മാനേജുമെന്റുകൾ സമയം ആവശ്യപ്പെട്ടിരുന്നു.
അതു പരിഗണിച്ച് സർക്കാർ സമയം അനുവദിച്ചു. എന്നാൽ ഈ സമയവും കഴിഞ്ഞിട്ടും ഇപ്പോൾ ക്യാമറ ഘടിപ്പിക്കാൻ ഇവർ തയാറാകുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇനിയും കാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ട. സ്കൂള്‍ വാഹനങ്ങളില്‍ കാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വളരെ കര്‍ശനമായ പരിശോധനയായിരിക്കും ഉദ്യോഗസ്ഥര്‍ നടത്തുക. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് കനത്ത പിഴ ഈടാക്കും. പിന്നീട് ക്യാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുകയെന്നും മന്ത്രി പറഞ്ഞു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്കൂളിലെ വിദ്യാര്‍ഥിയായ യമിന് ഇസിന് ആണ് മരിച്ചത്.
സ്കൂള്‍ ബസിൽ നിന്നിറങ്ങിയ വിദ്യാര്ഥിയ്ക്കുമേല് അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന് ഇസിന്.
കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
District News
പന്തളം: സ്കൂൾ ബസിന്റെ പിൻഭാഗത്തെ ടയർ ഓട്ടത്തിനിടയിൽ ഊരിപ്പോയി. കുട്ടികളുമായുള്ള യാത്രയ്ക്കിടെ തുമ്പമൺ മുട്ടം എൻഎസ്കെ നാഷണൽ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ ബസിന്റെ ടയറാണ് ഊരിപ്പോയത്. ഇന്നലെ രാവിലെ 8.30ന് പന്തളം - മാവേലിക്കര റോഡിൽ മുട്ടാർ ജംഗ്ഷനിലായിരുന്നു സംഭവം.
പന്തളം ഭാഗത്തുള്ള കുട്ടികളുമായി മാവേലിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിറകുവശത്തെ രണ്ടു ടയറുകളും ഊരി 10 മീറ്ററോളം തെറിച്ചുപോയി. നാട്ടുകാരുടെ സഹായത്തോടെ കന്പി ഉപയോഗിച്ച് ബസ് ഉയർത്തി നിർത്തുകയായിരുന്നു. മറ്റൊരു ബസ് വരുത്തിയാണ് കുട്ടികളെ സ്കൂളിലേക്ക് കയറ്റിവിട്ടത്.
Kerala
കോഴിക്കോട്: തിക്കോടിയില്‍ സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്, ഇയാളുടെ ഭാര്യയും സ്കൂള്‍ ബസിലെ ക്ലീനറുമായ ഉഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെത്തിയ രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ എട്ടിന് ദേശീയ പാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവമുണ്ടായത്. സ്കൂള്‍ ബസിന് മുന്‍പിലായി ഈ കാര്‍ സഞ്ചരിച്ചിരുന്നതായി വിജയന് പറഞ്ഞു. പലതവണ ഹോണ്‍ മുഴക്കിയെങ്കിലും മാറിത്തരാന്‍ കാര്‍ യാത്രികര്‍ തയാറായില്ല. പിന്നീട് കാറിനെ മറികടന്ന് മറ്റൊരു സ്ഥലത്തുവച്ച് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ അവിടെ എത്തുകയും കാറില്‍ നിന്നിറങ്ങി വന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
വിജയന്റെ മുഖത്തുള്‍പ്പെടെ അടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇദ്ദേഹത്തിന്റെ കണ്ണടയും നഷ്ടമായി. അക്രമം തടയാന്‍ ചെന്നപ്പോഴാണ് ഉഷയ്ക്കും മര്‍ദ്ദനമേറ്റത്.